നമ്മളും എന്തേലും ചെയ്യണ്ടേ ?

എൻ.ഡി.എയിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് ഇവിടെ ചില താത്പര്യങ്ങളുണ്ടെന്നറിയുന്നു. ജയസാദ്ധ്യത കുറവാണെങ്കിലും...
തിരുവനന്തപുരം : ദേ അവര് പണി തുടങ്ങി. നമ്മളിങ്ങിനെ ഇരുന്നാൽ മതിയോ ? രാഷ്ട്രീയപ്രാധാന്യം ഇല്ലന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോഴേ പണിയെടുത്താലേ തദ്ദേശതിരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊക്കെ കിട്ടാനിടയുള്ളൂ... പറയുന്നത് ബി.ജെ.പി. കോര്‍ കമ്മറ്റിയിലെ ഒരുവിഭാഗം നേതാക്കൻമാര്‍. ചോദ്യമത്രയും ചെന്നെത്തുന്നത് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലേക്കും. നിലമ്പൂരിൽ യു.ഡി.എഫ്. ടിക്കറ്റിൽ ആര്യാടൻ ഷൗക്കത്തും എൽ.ഡി.എഫ്. ടിക്കറ്റിൽ എം. സ്വരാജും എത്തുന്നതോടെ എൻ.ഡി.എ. മാറി നിൽക്കരുതെന്നാണ് ബി.ജെ.പിയിലെ ഒരുവിഭാഗം നേതാക്കൻമാരുടെ നിലപാട്. എന്നാൽ രാഷ്ട്രീയപ്രാധാന്യമില്ലാത്ത ഒട്ടും ജയസാധ്യതയോ മുന്നേറ്റമോ പ്രതീക്ഷിക്കാനാകാത്ത മണ്ഡലത്തിൽ ഏതാനും മാസങ്ങൾക്കുവേണ്ടി കോടികൾ പൊടിക്കണോ എന്നാണ് രാജീവ് ചോദിക്കുന്നത്.
അതേസമയം, എൻ.ഡി.എയിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് ഇവിടെ ചില താത്പര്യങ്ങളുണ്ടെന്നറിയുന്നു. ജയസാദ്ധ്യത കുറവാണെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിൽ ചില നേട്ടങ്ങൾക്കുള്ള സാദ്ധ്യത അവര്‍ കാണുന്നു. ഈ സാഹചര്യത്തിൽ ഞായറാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ അവരിക്കാര്യം പരിശോധിച്ചേക്കുമെന്നാണ് സൂചന. എന്നാൽ നിലമ്പൂരിൽ സി.പി.എം. സ്ഥാനാര്‍ത്ഥി നേരിട്ടിറങ്ങുന്ന സാഹചര്യത്തിൽ ശക്തമായി പോരാടാൻ ബി.ജെ.പി. കാൻഡിഡേറ്റിനെ ഇറക്കണമെന്ന വാദവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം സംസ്ഥാനം തന്നെ കൈക്കൊള്ളാനാണത്രേ ദേശീയനേതൃത്വത്തിന്റെ നിര്‍ദ്ദേശം.
Photo Courtesy - Google











